നെല്ലിക്കുറ്റി: പുതുക്കിപ്പണിയാനായി പൊളിച്ചു മാറ്റിയ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ സാധനങ്ങൾ മോഷണം പോയ സാഹചര്യത്തിൽ പുതിയ പള്ളിയുടെ നിർമാണവേളയിൽ സുരക്ഷയൊരുക്കാൻ നൂറോളം ഇടവകാംഗങ്ങളെ ഉൾപ്പെടുത്തി ജാഗ്രതാസമിതി രൂപീകരിച്ചു.
ഇടവകയിലെതന്നെ താമസക്കാരനായ അനീഷ് പുളിക്കലിനെതിരേ പോലീസ് മോഷണക്കേസ് ചുമത്തിയതും ഇതുവരെ നടത്തിയ അന്വേഷണ നടപടികളും ജാഗ്രതാ സമിതി വിശകലനം ചെയ്തു. മോഷണം നടന്ന ഉടനെ പോലീസിൽ പരാതി നൽകിയെങ്കിലും വളരെ അലസമായാണ് പോലീസ് നടപടിയുണ്ടായതെന്ന ആക്ഷേപം നിലവിലുണ്ട്.
പള്ളിയിലെയും ടൗണിലെ വിവിധ ഷോപ്പുകളിലെയും സിസിടിവി കാമറകളിലെ ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ മോഷ്ടാവിന്റെ പേര് (അനീഷ് പുളിക്കൽ) വ്യക്തമാക്കി വീണ്ടും പരാതി നൽകിയിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് വാക്കാൽ നൽകിയ പരാതിയെന്ന രീതിയിൽ എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം തുടങ്ങിയത്. തെളിവുകളെല്ലാം ബോധ്യപ്പെട്ടതായി അറിയിച്ചെങ്കിലും അവ വ്യക്തമായി രേഖപ്പെടുത്താതെ പോലീസ് നടത്തിയ അന്വേഷണ പ്രഹസനങ്ങൾ പ്രതിയെ രക്ഷപ്പെടുത്താനായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി ജാഗ്രത സമിതി വിലയിരുത്തി.
പോലീസ് നടത്തുന്ന അലസമായ അന്വേഷണം കാര്യക്ഷമമാക്കാനാവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും നാളുകളായി നെല്ലിക്കുറ്റി ഇടവകയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടത്തിവരുന്ന വിദ്വേഷപരമായ പോസ്റ്റുകൾ തടയാനാവശ്യമായ നിയമ സഹായം തേടാനും യോഗം തീരുമാനിച്ചു. ഇടവക വികാരി ഫാ. മാത്യു ഓലിയ്ക്കൽ രക്ഷാധികാരിയായും തോമസ് വടക്കേക്കുന്നുംപുറത്ത് ചെയർമാനായും സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.